Friday, June 20, 2014

മരം ഒരു .............. !!!


തൃശ്ശൂരില്‍ വ്യാപകമായി മരം മുറിക്കാനുള്ള പദ്ധതികള്‍ നഗരസഭയും , പൊതു മരാമത്ത് വകുപ്പും ,സോ ഷ്യല്‍ ഫോറസ്ട്രിയും കൂടി 'വീണ്ടും ' തുടരാന്‍ പോകുന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ തൃശ്ശൂർ പുഴക്കൽ ലുലു കണ്‍ വൻഷണൽ സെന്റെറിനു മുൻപിൽ സംഭവിച്ചത്.ഒന്നര വര്‍ഷം മുമ്പ് തൃശ്ശൂർ രാമനിലയത്തിന്‍റെ പരിസരത്ത് തണല്‍ വിരിച്ച് നിന്നിരുന്ന ' പാലയും , ഉങ്ങും ' അടക്കമുള്ള മരങ്ങൾ നഗരവികസനത്തിന്റെ പേര് പറഞ്ഞു വെട്ടിമാറ്റുകയും തൃശ്ശൂരിലെ ജനങ്ങള്‍ ഇടപെട്ട് 'അനധികൃതമായി നടന്ന മരം മുറി ' തടയുകയും ചെയ്തിരുന്നു . ശേഷം 'തൃശ്ശൂര്‍ പ്രകൃതി സംരക്ഷണ സമിതി 'എന്ന കൂട്ടായ്മയ്ക്ക് രൂപം നല്കുകയും സമിതി നടത്തിയ അന്വേഷണത്തില്‍, വേണ്ടത്ര രേഖകള്‍ ഇല്ലാതെ, നിയമത്തെ നോക്കുകുത്തിയാക്കിയാണ് മരം മുറി നടന്നതെന്നും തെളിഞ്ഞു. മരം മുറിക്കുന്നതിന് അനുമതി കൊടുക്കേണ്ട 'ട്രീ കമ്മിറ്റിയില്‍ ' ഉള്ളവരെ അറിയിക്കാതെയും രേഖകളിൽ കൃത്രിമത്വം നടത്തിയും മറ്റുമാണ് അന്നത്തെ മരം മുറി നടന്നത്. 'ഒരു മരം മുറിക്കുമ്പോള്‍ പത്തുമരം നടണം' എന്ന് മരം മുറിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിൽ നിന്നും നല്കുന്ന സമ്മതപത്രത്തില്‍ പറയുന്നുണ്ട് , എന്നിരിക്കിലും ഇതേവരെ മുറിച്ചുമാറ്റപ്പെട്ട മരങ്ങള്‍ക്ക് പകരംഎവിടെയാണ് ഇവര്‍ മരങ്ങള്‍ 'നട്ടതും , വളര്‍ത്തിയതും' എന്ന് അന്വേഷിക്കപ്പെടേണ്ടിയിരിക്കുന്നു.

കഴിഞ്ഞ മരം മുറിയുടെ ഭാഗമായി നിലവില്‍ ഉണ്ടായിരുന്ന ട്രീ കമ്മിറ്റിയിലെ അംഗങ്ങളെ അറിയിക്കാത്തതിനെ തുടര്‍ന്നും , മറ്റു പല ആരോപണങ്ങള്‍ക്ക് വിധേയരായത് കൊണ്ടും പല അംഗങ്ങളും ട്രീ കമ്മിറ്റിയില്‍ നിന്നു രാജി വച്ചിരുന്നു. അത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ നിലവില്‍ ഇല്ലാത്തതും നിയമ സാധുത ഇല്ലാത്തതുമായ ട്രീ കമ്മിറ്റിയുടെ അനുമതിയില്‍ തന്നെയാണ് പുഴക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍ററിന് മുന്നിലുള്ള മരങ്ങള്‍ മുറിച്ചിരിക്കുന്നത് . നഗരസഭയുടെ ചെയര്‍മാന്‍ അധ്യക്ഷനും സ്ഥലം കൌണ്‍സിലര്‍ അംഗവും ആയതാണ് 'ട്രീ കമ്മിറ്റി ' . പരിസ്ഥിതിപ്രവര്‍ത്തകര്‍ ,ഗവണ്‍മെന്‍റിതര സംഘടനകള്‍ എന്നിവയും ഇതില്‍ അംഗങ്ങളാണ് എന്നിരിക്കെ നഗരസഭ അറിയാതെ ഈ അനധികൃത മരം മുറി നടക്കാന്‍ ഒരു സാധ്യതയും ഇല്ല എന്നത് പകൽ പോലെ വ്യക്തമാണ് . പുഴക്കല്‍ അയ്യന്തോള്‍ റോഡില്‍ നില്‍ക്കുന്ന മാവുകളെ ' ഇല്ലാത്ത;കടചീയലിന്റെയും , വാഹന അപകടങ്ങളുടേയും പേര് പറഞ്ഞു വെട്ടിമുറിക്കാന്‍ തീരുമാനിക്കുന്നത് ആരുടെ പോക്കറ്റ് വീര്‍പ്പിക്കാന്‍ വേണ്ടിയാണെന്ന് അന്വേഷിക്കപ്പെടേണ്ടതുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ഇടത്തു മരം മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ തൃശ്ശൂരിലെ മനുഷ്യാവകാശ - പരിസ്ഥിതി പ്രവര്‍ത്തകര്‍ അതിനെ എതിര്‍ത്തു രംഗത്ത് വന്നിരുന്നു ശേഷം അന്നത്തെ കളക്ടര്‍ ഈ വിഷയത്തില്‍ ഇടപെടുകയും മരങ്ങളെ നിലനിര്‍ത്തി റോഡിന്‍റെ പടിഞാറ് ഭാഗത്ത് നിന്നും സ്ഥലം എടുത്ത് റോഡ്‌ വികസനം സാദ്ധ്യ മാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇന്ന് റോഡിന്‍റെ പടിഞ്ഞാറു വശം ' ലുലു കണ്‍വെന്‍ഷന്‍ സെന്‍റര്‍ ' അടക്കമുള്ള ഭീമന്‍മാരുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടു തന്നെയാകാം പടിഞ്ഞാറു ഭാഗത്ത് നിന്നും സ്ഥലമെടുപ്പ് നടത്താന്‍ നഗരസഭയും പൊതുമരാമത്ത് വകുപ്പും ഭയക്കുന്നതും തണൽ മരങ്ങള്‍ക്ക് മുകളില്‍ കോടാലി വീഴുന്നതും.

തൃശ്ശൂരില്‍ അവശേഷിക്കുന്ന തണലുകള്‍ ആണ് ഈ മരങ്ങള്‍. 'മനുഷ്യര്‍ക്ക് വേണ്ടാത്ത വികസനത്തിന്‍റെ പേരില്‍' ചിലര്‍ക്ക് അഴിമതി നടത്താനും ,കീശ വീര്‍പ്പിക്കാനും വേണ്ടി നടത്തുന്ന ഇത്തരം അനീതികളെ ചെറുത്ത് തോല്‍പ്പികുക തന്നെ വേണം. വരും തലമുറകള്‍ക്ക് തണലേകിയും ശുദ്ധവായു നല്‍കിയും അവ ഇവിടെ നിലനില്‍ക്കട്ടെ! ഇനി വരുന്നൊരു തലമുറക്കും ഇവിടെ ജീവിതം സാദ്ധ്യമാകുന്നതിനു വേണ്ടി ചേര്‍ന്ന് നില്‍ക്കാം ഒരുമിച്ച് പാടാം

" ആമാഴുവാങ്ങണമവരെയു മൊരുമിച്ചറബിക്കടലിൽ താഴ്ത്തേണം "

ചിത്രത്തിന് കടപ്പാട് : തൃശ്ശൂര്‍ പ്രകൃതി സംരക്ഷണ സമിതി