Showing posts with label ഭരണകൂടം. Show all posts
Showing posts with label ഭരണകൂടം. Show all posts

Thursday, October 16, 2014

എനിക്ക് ശേഷം വരുന്നവര്‍ എന്നേക്കാള്‍ വലിയവരാണ്

 
 
യുവജനങ്ങളെ സഖാക്കളെ ,
'നിങ്ങള്‍ ഈ സമുദ്രത്തെ കുടിച്ചു വറ്റിക്കാന്‍ കെല്‍പ്പുള്ളവരാണ് '
നിങ്ങളുടെ വാക്കുകളെ ,ആശയങ്ങളെ ,തിരഞ്ഞെടുപ്പുകളെ , ജീവിത രീതികളെ ,സ്വാതന്ത്ര്യത്തെ 'കേവല വരട്ടുതത്വവാദങ്ങള്‍ ' കൊണ്ടും ' , അനുഭവക്കുറവെന്ന ' സ്ഥിരം പല്ലവി ' കൊണ്ടും ' ഇകഴ്ത്തി തടസങ്ങള്‍ സൃഷ്ടിക്കുന്ന, പുരോഗമനത്തിന്റെ മുഖംമൂടി ധരിച്ച ശുഷ്ക്കിച്ച മനസ്സുകളെ തിരിച്ചറിയുക .അവരുടെ അധികാര കയ്യടക്കലുകള്‍ക്കപ്പുറത്തു ജീവിതങ്ങളുടെ പുതിയ പുലരികള്‍ വിരിയുന്നതും അവരുടെ അധികാരങ്ങളെ ചോദ്യംചെയ്യുന്നതും തള്ളി താഴേക്കിടുന്നതും സഹിക്കാത്തതാണവര്‍ക്ക് . അവര്‍ നിങ്ങളെ സ്ത്രീയെന്നും പുരുഷനെന്നും മാത്രം പേരിട്ടു നിങ്ങള്‍ക്കിടയില്‍ വലിയ മതിലുകള്‍ തീര്‍ത്ത് മനുഷ്യരല്ലാതെയാക്കും,അന്ധവും അല്ലാത്തതുമായ 'വിശ്വാസങ്ങള്‍' പുതപ്പിച്ച് പരസ്പരം വെറുക്കാന്‍ പഠിപ്പിക്കും .അന്യന്റെ വേദനകാണുമ്പോള്‍ കണ്ണുകള്‍ ഇറുക്കി അടക്കാനും തല തിരിച്ചു നടന്നു പോകാനും പഠിപ്പിക്കും , നമ്മുടെ തന്നെ പണം കൊണ്ട് നമ്മളെ ആക്രമിക്കുമ്പോളും ജീവിതത്തില്‍ നിന്ന്‍ തുടച്ചു നീക്കുമ്പോളും പ്രതിഷേധിക്കാതെ ,ഒന്നും മിണ്ടാതെ എല്ലാം 'വിധി'യെന്ന് സമാധാനിക്കാന്‍ പഠിപ്പിക്കും !
 
സഖാക്കളെ ,
ജീവിതം സമരമാണ് അന്യന്റെ വേദന സ്വന്തം വേദനയാകുന്ന കാലത്തെ അറിയുക , നിങ്ങളോട് തന്നെ ചെയ്യുന്ന യുദ്ധങ്ങള്‍ തുടരുക ,നീതിക്ക് വേണ്ടി ലോകമാവശ്യപ്പെടുന്ന സമരങ്ങളെ ഏറ്റെടുക്കുക ,നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുക ,ജീവിതത്തെ ആഘോഷമാക്കുക .
മുന്നിലൂടെയും ,അരികിലൂടെയും, പിറകിലൂടെയും ചേര്‍ന്ന് നടക്കാം .'ഒളിച്ചിരിക്കാതെ തന്നെ' രാഷ്ട്രീയം പറയാം , ശരീരം മാത്രമല്ലാതെ മനസ്സും പ്രവര്‍ത്തനത്തില്‍ വരുന്ന രാഷ്ട്രീയത്തില്‍ ഇടപെടാം .

"നൂറു നൂറു പൂക്കള്‍ വിരിയട്ടെ ,അവരുടെ കമ്പോളം തകരട്ടെ "
വിപ്ലവ അഭിവാദ്യങ്ങള്‍
സ്നേഹം

Wednesday, October 1, 2014

ഭരണകൂടം | മാവോയിസം



സ്വയം രൂപപ്പെടുന്നതിനേക്കാള്‍ തീവ്രവാദികളും മാവോയിസ്റ്റുകളുമെല്ലാം സ്റ്റേറ്റ് രൂപപ്പെടുത്തി എടുക്കുന്ന ചില ബിംബങ്ങളാണ് . ഓരോരുത്തരെയും സംശയത്തോടെ നോക്കാന്‍ പഠിപ്പിക്കുന്നത്‌ ഭരണകൂടം തന്നെ ആണ് . ഈ സംശയത്തിന്റെ വ്യാപനത്തിലൂടെ ഗുണഭോക്താക്കളാകുന്നതും സ്റ്റേറ്റ് തന്നെ ഇല്ലാത്ത പുലിയെ പിടിക്കാന്‍ കാട്ടില്‍ കെണിവെച്ചിരിക്കുകയും , കെണികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുകയും ഇതിലൂടെ അഴിമതിക്കുള്ള വലിയൊരു സാദ്ധ്യത തുറന്നു കിട്ടുകയും ചെയ്യുന്നു .സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെ നിലവിലുള്ള പൊളിറ്റിക്കല്‍ ഗിമിക്കുകള്‍ക്ക് അപ്പുറത്ത് വിഷയങ്ങളെ പഠിക്കുകയും ഇടപെടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുതു തലമുറയെ 'ചില ലേബലുകള്‍ ' നിര്‍ബ്ബന്ധപൂര്‍വ്വം അണിയിക്കാന്‍ സ്റ്റേറ്റ് അതിന്റെ ഉപകരണമായ പോലീസിനെ ഉപയോഗിച്ച് ശ്രമിക്കുന്നതും, ജനാധിപത്യപരമായ എല്ലാ ചെറുത്തു നില്‍പ്പുകള്‍ക്കും മാവോയിസത്തിന്റേയും തീവ്രവാദത്തിന്റെയും ഉടുപ്പുകള്‍ അണിയിച്ചുനല്‍കുന്നതും അത് കൊണ്ടാണ് . സമൂഹത്തെ ഭയത്തിന്റെയും സംശയത്തിന്റേയും കഥകള്‍ ബോധപൂര്‍വ്വവും അല്ലാതേയും പഠിപ്പിക്കുകയും അതിലൂടെ അഴിമതി നടത്തുന്നതിനുള്ള വലിയ സാധ്യതകള്‍ തയ്യാറാക്കി എടുക്കുകയും ചെയ്യുന്നു .കേരളത്തില്‍ ഉണ്ടെന്നു പറയപ്പെടുന്ന മാവോയിസ്റ്റുകള്‍ പറയുന്നത് പോലെ സായുധവിപ്ലവത്തിനുള്ള സാദ്ധ്യതയൊന്നും ഇന്നിവിടെ ഇല്ല. ഇത്തരം വമ്പു പറച്ചിലുകള്‍ ഭരണകൂടത്തിന് കൂടുതല്‍ പണം പിടുങ്ങാനും സമൂഹത്തിന്റെ സംശയ - ഭയ നിലപാടുകളെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനുമേ സഹായിക്കുകയുള്ളൂ . ഒരു തരത്തില്‍ പറഞ്ഞാന്‍ സ്റ്റേറ്റിനും അതിന്റെ തലതിരിഞ്ഞ പോളിസികള്‍ക്കും എതിരാണെന്ന് പറയുന്നവര്‍ പ്രത്യക്ഷത്തില്‍തന്നെ സ്റ്റേറ്റിനെ സഹായിക്കുകയാണ് എന്നു സാരം .

Thursday, August 28, 2014

കസ്തൂരി രംഗന്‍ Vs ഗാഡ്ഗില്‍




ജനങ്ങളെ കണക്കിലെടുക്കാതെ, ജങ്ങളോട് ചര്‍ച്ച ചെയ്യാതെ പശ്ചിമഘട്ട സംരക്ഷണം സാദ്ധ്യമാകില്ല എന്ന തിരിച്ചറിവ് ഇനിയും സര്‍ക്കാരുകള്‍ക്ക് ഉണ്ടായിട്ടില്ല എന്നതിന്റെ തെളിവാണ് 'എല്ലാവരാലും' (പരിസ്ഥിതി രാഷ്ട്രീയ പ്രവര്‍ത്തകരും / പൊതു ജനങ്ങളും ) തള്ളിക്കളയപ്പെട്ട ' കസ്തൂരി രംഗന്‍ (ക്വാറി പാറമട സഹായി ) റിപ്പോര്‍ട്ട് 'നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് . ഏറെക്കുറെ ജനാധിപത്യപരമായിരുന്ന ' ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ' നടപ്പിലാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ ബി ജെ പി അതിന്റെ കോര്‍പ്പറേറ്റ് വിധേയത്വം കാണിച്ചു തുടങ്ങിയതിന്റെ തെളിവാണ് ഈ തീരുമാനം പശ്ചിമഘട്ട സംരക്ഷണമല്ല മറിച്ച് കൊള്ളക്കാരെ പ്രോത്സാഹിപ്പിക്കുക എന്നത് തന്നെയാണ് ഈ തീരുമാനത്തിനും പിറകിലുള്ളത് .' പൂര്‍ണ്ണമായും ' ജനങ്ങളുടെ പങ്കാളിത്തമുള്ള പശ്ചിമഘട്ട സംരക്ഷണ സംവിധാനമൊരുക്കുന്നതിനു സര്‍ക്കാരുകള്‍ തയ്യാറാവേണ്ടിയിരിക്കുന്നു, ദീര്‍ഘവീക്ഷണത്തോടെയുള്ള ഇത്തരം സംവിധാനങ്ങളിലൂടേയെ പശ്ചിമഘട്ട സംരക്ഷണം സാദ്ധ്യമാകുകയുള്ളൂ .
ജനങ്ങളെ കണക്കിലെടുക്കാത്ത സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മലയോര മേഖലയെ രണ്ടാമതൊരു കലാപത്തിലേകായിരിക്കും തള്ളിവിടുന്നത്

Tuesday, August 19, 2014

കണ്ണുകള്‍ കാണാതിരിക്കാന്‍ മാത്രമുള്ളവയല്ല




ഓരോ പ്രശ്നത്തിനും അതിന്റെ പൊളിറ്റിക്കല്‍ ആക്ഷനും ഇമ്മീഡിയറ്റ് ആക്ഷനും ഉണ്ട് .ഇവിടെ പൊളിറ്റിക്കല്‍ ആക്ഷന്‍ ആദിവാസിക്ക് അര്‍ഹതപ്പെട്ട ഭൂമി നല്‍കുക എന്നതാണ് . ശിശു മരണം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നപ്പോള്‍ അട്ടാപ്പാടിയില്‍ നിറയെ ഭരണ ~ പ്രതിപക്ഷ ~ രാഷ്ട്രീയ ~ സാമൂഹിക കക്ഷികളുടെ ഘോഷയാത്രകള്‍ ആയിരുന്നു. ഒരു ചാക്ക് അരി ,ഒരു പയറും പരിപ്പും കിറ്റ്‌ , ആയിരം രൂപ പിന്നെ പ്രസംഗത്തിന്റെ കൊടും മഴയും . ' പ്രസംഗത്തില്‍ ഒരിടത്തും ആദിവാസികളോ അവന്റെ പ്രശ്നങ്ങളോ കയറി വരില്ലെങ്കിലും എതിര്കക്ഷിയുറെ കുറ്റവും കുറവും വേണ്ടുവോളം പറയും ' .ഇത്തരം ഇമ്മീഡിയറ്റ് ആക്ഷനില്‍ മാത്രം ആണ് ഇന്ന് എല്ലാവരുടെയും ശ്രദ്ധ .വാര്‍ത്തകളില്‍ നിന്ന് ശിശുമരണം മാറി പുതിയ സെന്സേഷനുകള്‍ ഇടം പിടിച്ചു ..എല്ലാവരും സൌകര്യാര്‍ത്ഥം ആദിവാസികളെ മറന്നു ...ഇന്ന് ഇത് ഇവിടെ എഴുതുമ്പോളും അട്ടപ്പാടിയിലെ ഏതെങ്കിലും ഒരു കുടിയില്‍ ഒരു ആദിവാസി കുഞ്ഞു പട്ടിണി മൂലം മരണപ്പെടുന്നുണ്ടാവും .

ഇമ്മീഡിയറ്റ് ആക്ഷന്‍ വിട്ട് പൊളിറ്റിക്കല്‍ ആക്ഷനില്‍ വരിക അവനു ഭൂമി നല്‍കുക അവനു വേണ്ട തിനയും, ചാമയും ,ചീരയും എല്ലാം അവന്‍ തന്നെ ഉണ്ടാക്കികൊള്ളും നിങ്ങടെ കിറ്റ്‌ വരാന്‍ അവര്‍ കാത്തു നില്‍ക്കില്ല.നിങ്ങള്‍ തീരുമാനിക്കുന്ന പാകേജുകള്‍ മൂലം നിങ്ങളുടെ തന്നെ കീശ വീര്‍ത്തു വരില്ല .ഇതുവരെ ആദിവാസിയുടെ പേരില്‍ പ്രഖ്യാപിച്ച പദ്ധതികളും ചിലവിട്ട പണവും ആദിവാസികള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ ഓരോരുത്തരും കോടീശ്വരന്‍ മാര്‍ ആയേനെ .
2011 ലെ സെന്‍സെസ് പ്രകാരം ഇന്ന് അവര്‍ കേരള ജനസംഖ്യയുടെ വെറും 1.46 % മാത്രമാണ് ഉള്ളത് വെറും 484839 ആളുകള്‍ മാത്രം ബാക്കി വരുന്ന 98.64 % ത്തില്‍ ആണ് കയ്യേറിയവരും ,കയ്യടക്കിയവരും, കുടിയേറിയവരും .അവരിവിടെ പൊതു സമൂഹം എന്ന ലേബല്‍ അണിഞ്ഞു നില്‍ക്കുന്നു .അത് കൊണ്ട് തന്നെ ആദിവാസി ഒരു വോട്ടു ബാങ്കല്ല അവന്റെ വിഷയം നാല്‍പ്പതു ദിവസമായാലും നാനൂറു ദിവസമായാലും ആരും കേള്‍ക്കില്ല കാണില്ല.
ചര്‍ച്ചകളില്‍ അവര്‍ കള്ളുകുടിയന്മാരും കഞ്ചാവ് വലിക്കുന്നവരും ആണെന്ന് ഉറക്കെ ഉറക്കെ പറയപ്പെടും . തീരെ കള്ളുകുടിക്കാത്ത ജനതയാണല്ലോ അഭ്യസ്ഥവിദ്യരായ പ്രബുദ്ധ മലയാളികള്‍ . നാടിന്റെ സമ്പത്ത് ബീവറേജ് കോര്‍പ്പരേഷന്‍ വഴിയാണ് സ്വരുക്കൂട്ടുന്നത് എന്ന് മറക്കരുത് .ഓണത്തിനും ക്രിസ്തുമസിനും എന്നുവേണ്ട ഓരോരോ ആഘോഷങ്ങള്‍ക്കും റെക്കോഡ് തകര്‍ത്തു തകര്‍ത്ത് കുടിക്കുന്ന നമ്മള്‍ ആദിവാസിയെ പരിഹസിക്കുന്നു .
ആരും ഒന്നും കേള്‍ക്കില്ല കാണില്ല ആദിവാസിയുടെ ജീവിതത്തെ വഴിയാധാരം ആക്കിയതിലും അവനെ മഴയത്ത് നിര്‍ത്തിയതിലും നമുക്കും പങ്കുണ്ട് ,കണ്ണടക്കാം 'ഒന്നും സംഭവിച്ചിട്ടില്ലെന്ന് ' ആദിവാസി വിളിക്കുന്ന മുദ്രാവക്യത്തെക്കാള്‍ ഉച്ചത്തില്‍ പറയാം ... നാല് കോടിയുടെ ഒരു മൂളല്‍ മതിയല്ലോ വെറും നാല് ലക്ഷം മാത്രമുള്ള ആദിവാസിയെ വീണ്ടും വീണ്ടും ജീവിതത്തില്‍ നിന്നും ആട്ടിപ്പായിക്കാന്‍ !
ഓര്‍ക്കുക " കണ്ണുകള്‍ കാണാതിരിക്കാന്‍ മാത്രമുള്ളവയല്ല "

Tuesday, July 29, 2014

ദേശീയ പാതകളിലെ സ്വകാര്യ വാഹങ്ങളുടെ ' ടോള്‍ ' ഒഴിവാക്കുമ്പോള്‍

ദേശീയ പാതകളിലെ സ്വകാര്യവാഹനങ്ങളുടെ ടോള്‍ ഒഴിവാകാന്‍ ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു .ടോള്‍ ബൂത്തുകളില്‍ ഇനി സ്വകാര്യ വാഹങ്ങള്‍ക്ക് കാത്തു കെട്ടി കിടക്കേണ്ട ഒരു പ്രതി ബന്ധവും കൂടാതെ ടോള്‍ ബൂത്തുകള്‍ കടന്നു പോകാം . കേള്‍ക്കുമ്പോള്‍ വളരെ നല്ല തീരുമാനം തന്നെ എന്തിനു ഒരു ടോള്‍ വിരുദ്ധ സമര സമിതി നേതാവിനെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ പ്രാപ്തിയുണ്ടതിന് അപ്പോള്‍ പിന്നെ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !!! പകല്‍ക്കൊള്ളക്ക് ഇളവുകളുടെ പേരിലുള്ള ഒരു മറവുണ്ടാക്കുകയും കൊള്ള നിര്‍ബാധം തുടരുകയും ആണ് ഇവിടെ ചെയ്യുനത് . രാജ്യത്തെ ദേശീയപാതകളിലുള്ള തിരഞ്ഞെടുത്ത 50 ടോള്‍ ബൂത്തുകളില്‍ ദേശീയ പാത വികസന അതോരിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഒരു തീരുമാനത്തിന് ഉപരിതല ഗതാഗത മന്ത്രാലയം പച്ചക്കൊടി വീശാന്‍ പോകുന്നത് .

 സ്വകാര്യ വാഹങ്ങളുടെ ടോള്‍ ഒഴിവാക്കുകയും അതിനു ബദലായി വാഹങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ വിലക്ക് അനുപാതമായി 2 % സെസ് ( അതായത് പുതിയ വാഹനം വാങ്ങുമ്പോള്‍ 3 ലക്ഷം രൂപ യുള്ള വാഹനത്തിനു 6000രൂപ , 5 ലക്ഷം ഉള്ള വാഹനത്തിനു 10000 രൂപ എന്നിങ്ങനെ ) ഏര്‍പ്പെടുത്തുകയും ,(നിലവില്‍ നല്‍കുന്ന 15 വര്‍ഷത്തേക്കുള്ള റോഡ്‌ ടാക്സിന് പുറമേ ആണ് ഇത് ) റോഡ്‌ അറ്റക്കുറ്റ പണികള്‍ക്കായി എന്ന പേരില്‍ ഇന്ധനം നിറക്കുമ്പോള്‍ നല്‍കുന്ന പെട്രോള്‍ ഡീസല്‍ സെസ് 2.95 രൂപയില്‍ നിന്ന് ഉയര്‍ത്തുകയും , നിലവില്‍ നിരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹങ്ങളില്‍ നിന്ന് 1000 രൂപ അധികം ചുമത്തുകയും ആണ് ചെയ്യുന്നത് . സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച് ടോള്‍ വരുമാനത്തിന്റെ 14 % (1600 കോടി രൂപ കഴിഞ്ഞ വര്‍ഷം ) മാത്രം ആണ് സ്വകാര്യ വാഹങ്ങളുടെ ടോള്‍ പിരിവു ഇനത്തില്‍ ലഭിക്കുന്നത് .ഇത് മൂലം ടോള്‍ പ്ലാസകളില്‍ ഉണ്ടാകുന്ന തിരക്കും പ്രശ്നങ്ങളും വേറെയും .ബാക്കി തുക മുഴുവന്‍ ലഭിക്കുന്നത് കൊമേഴ്സ്യല്‍ വാഹങ്ങളില്‍ നിന്നാണ് (കഴിഞ്ഞ വര്ഷം ഏതാണ്ട് 9500 കോടി രൂപ ) .പുതിയ തീരുമാനം നടപ്പിലാക്കപ്പെടുമ്പോള്‍ നിലവില്‍ നടന്നിരുന്ന കൊള്ളയുടെ മൂന്നിരട്ടി കൊള്ളയാണ് സംഭവിക്കുന്നത്‌ . നിലവില്‍ സ്വകാര്യ വാഹനങ്ങളുടെ ചുങ്കം ഇനത്തില്‍ ലഭിക്കുന്നത് പ്രതിവര്‍ഷം1600 കോടി രൂപയും .പുതിയ തീരുമാനം നടപ്പിലാകുമ്പോള്‍ പുതിയ വാഹനം വാങ്ങുന്നവര്‍ നല്‍കേണ്ട 2 % സെസ് ഇനത്തില്‍ ലഭിക്കാന്‍ പോകുന്നത് 1840 കോടി രൂപയും കൂടാതെ നിലവില്‍ ഓടുന്ന എല്ലാ വാഹങ്ങളും അടക്കേണ്ട 1000 രൂപ ഇനത്തില്‍ ലഭികുന്നത്‌ 2156 കോടി രൂപ അങ്ങനെ ആകെ ലഭിക്കുന്നത് 3996 കോടി രൂപ . കൂടാതെ ഈ നിയമം പ്രകാരം ദേശീയ പാതയിലൂടെയോ ടോള്‍ പ്ലാസയില്‍ കൂടെയോ കടന്നു പോകാത്ത വണ്ടികളില്‍ നിന്നും നിശബ്ദമായി ചുങ്കം പിരിക്കുകയും ചെയ്യാം .ഇന്ത്യയിലെ മുഴുവന്‍ റോഡുകള്‍ക്കും ചുങ്കം ഏര്‍പ്പെടുത്തി എന്ന് ചുരുക്കം . 

ഇവിടേയും തീരുന്നില്ല തീരുമാനത്തിന്റെ സവിശേഷതകള്‍ രാജ്യത്താകമാനം നടക്കുന്ന ടോള്‍ വിരുദ്ധ സമരങ്ങളെ പൊളിക്കാനും ഒപ്പം ടോള്‍ സമരങ്ങളില്‍ പ്രാദേശികമായി പങ്കാളികളായിട്ടുള്ള 'ബി ജെ പി ക്ക് ' ആശ്വസിക്കാനും ആളുകളുടെ കണ്ണില്‍ പൊടിയിടാനും ഇത് കൊണ്ട് സാധിക്കും. കാണുമ്പോള്‍ മിന്നമിനുങ്ങാണെന്ന് തോന്നാമെങ്കിലും ഉഗ്ര സ്ഫോടന ശേഷിയുള്ള ബോംബിന്റെ ചൂട്ടു വെളിച്ചമാണ് തെളിയുന്നതെന്ന് സാരം .സമരങ്ങള്‍ ശക്തമാക്കുക ഇത്തരം കള്ള നിയമങ്ങളെ തള്ളിക്കളയുക .വിപ്ലവം വിജയിക്കുക തന്നെ ചെയ്യും