Showing posts with label സമരം. Show all posts
Showing posts with label സമരം. Show all posts

Thursday, October 16, 2014

എനിക്ക് ശേഷം വരുന്നവര്‍ എന്നേക്കാള്‍ വലിയവരാണ്

 
 
യുവജനങ്ങളെ സഖാക്കളെ ,
'നിങ്ങള്‍ ഈ സമുദ്രത്തെ കുടിച്ചു വറ്റിക്കാന്‍ കെല്‍പ്പുള്ളവരാണ് '
നിങ്ങളുടെ വാക്കുകളെ ,ആശയങ്ങളെ ,തിരഞ്ഞെടുപ്പുകളെ , ജീവിത രീതികളെ ,സ്വാതന്ത്ര്യത്തെ 'കേവല വരട്ടുതത്വവാദങ്ങള്‍ ' കൊണ്ടും ' , അനുഭവക്കുറവെന്ന ' സ്ഥിരം പല്ലവി ' കൊണ്ടും ' ഇകഴ്ത്തി തടസങ്ങള്‍ സൃഷ്ടിക്കുന്ന, പുരോഗമനത്തിന്റെ മുഖംമൂടി ധരിച്ച ശുഷ്ക്കിച്ച മനസ്സുകളെ തിരിച്ചറിയുക .അവരുടെ അധികാര കയ്യടക്കലുകള്‍ക്കപ്പുറത്തു ജീവിതങ്ങളുടെ പുതിയ പുലരികള്‍ വിരിയുന്നതും അവരുടെ അധികാരങ്ങളെ ചോദ്യംചെയ്യുന്നതും തള്ളി താഴേക്കിടുന്നതും സഹിക്കാത്തതാണവര്‍ക്ക് . അവര്‍ നിങ്ങളെ സ്ത്രീയെന്നും പുരുഷനെന്നും മാത്രം പേരിട്ടു നിങ്ങള്‍ക്കിടയില്‍ വലിയ മതിലുകള്‍ തീര്‍ത്ത് മനുഷ്യരല്ലാതെയാക്കും,അന്ധവും അല്ലാത്തതുമായ 'വിശ്വാസങ്ങള്‍' പുതപ്പിച്ച് പരസ്പരം വെറുക്കാന്‍ പഠിപ്പിക്കും .അന്യന്റെ വേദനകാണുമ്പോള്‍ കണ്ണുകള്‍ ഇറുക്കി അടക്കാനും തല തിരിച്ചു നടന്നു പോകാനും പഠിപ്പിക്കും , നമ്മുടെ തന്നെ പണം കൊണ്ട് നമ്മളെ ആക്രമിക്കുമ്പോളും ജീവിതത്തില്‍ നിന്ന്‍ തുടച്ചു നീക്കുമ്പോളും പ്രതിഷേധിക്കാതെ ,ഒന്നും മിണ്ടാതെ എല്ലാം 'വിധി'യെന്ന് സമാധാനിക്കാന്‍ പഠിപ്പിക്കും !
 
സഖാക്കളെ ,
ജീവിതം സമരമാണ് അന്യന്റെ വേദന സ്വന്തം വേദനയാകുന്ന കാലത്തെ അറിയുക , നിങ്ങളോട് തന്നെ ചെയ്യുന്ന യുദ്ധങ്ങള്‍ തുടരുക ,നീതിക്ക് വേണ്ടി ലോകമാവശ്യപ്പെടുന്ന സമരങ്ങളെ ഏറ്റെടുക്കുക ,നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുക ,ജീവിതത്തെ ആഘോഷമാക്കുക .
മുന്നിലൂടെയും ,അരികിലൂടെയും, പിറകിലൂടെയും ചേര്‍ന്ന് നടക്കാം .'ഒളിച്ചിരിക്കാതെ തന്നെ' രാഷ്ട്രീയം പറയാം , ശരീരം മാത്രമല്ലാതെ മനസ്സും പ്രവര്‍ത്തനത്തില്‍ വരുന്ന രാഷ്ട്രീയത്തില്‍ ഇടപെടാം .

"നൂറു നൂറു പൂക്കള്‍ വിരിയട്ടെ ,അവരുടെ കമ്പോളം തകരട്ടെ "
വിപ്ലവ അഭിവാദ്യങ്ങള്‍
സ്നേഹം

Wednesday, October 1, 2014

ഭരണകൂടം | മാവോയിസം



സ്വയം രൂപപ്പെടുന്നതിനേക്കാള്‍ തീവ്രവാദികളും മാവോയിസ്റ്റുകളുമെല്ലാം സ്റ്റേറ്റ് രൂപപ്പെടുത്തി എടുക്കുന്ന ചില ബിംബങ്ങളാണ് . ഓരോരുത്തരെയും സംശയത്തോടെ നോക്കാന്‍ പഠിപ്പിക്കുന്നത്‌ ഭരണകൂടം തന്നെ ആണ് . ഈ സംശയത്തിന്റെ വ്യാപനത്തിലൂടെ ഗുണഭോക്താക്കളാകുന്നതും സ്റ്റേറ്റ് തന്നെ ഇല്ലാത്ത പുലിയെ പിടിക്കാന്‍ കാട്ടില്‍ കെണിവെച്ചിരിക്കുകയും , കെണികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുകയും ഇതിലൂടെ അഴിമതിക്കുള്ള വലിയൊരു സാദ്ധ്യത തുറന്നു കിട്ടുകയും ചെയ്യുന്നു .സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെ നിലവിലുള്ള പൊളിറ്റിക്കല്‍ ഗിമിക്കുകള്‍ക്ക് അപ്പുറത്ത് വിഷയങ്ങളെ പഠിക്കുകയും ഇടപെടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുതു തലമുറയെ 'ചില ലേബലുകള്‍ ' നിര്‍ബ്ബന്ധപൂര്‍വ്വം അണിയിക്കാന്‍ സ്റ്റേറ്റ് അതിന്റെ ഉപകരണമായ പോലീസിനെ ഉപയോഗിച്ച് ശ്രമിക്കുന്നതും, ജനാധിപത്യപരമായ എല്ലാ ചെറുത്തു നില്‍പ്പുകള്‍ക്കും മാവോയിസത്തിന്റേയും തീവ്രവാദത്തിന്റെയും ഉടുപ്പുകള്‍ അണിയിച്ചുനല്‍കുന്നതും അത് കൊണ്ടാണ് . സമൂഹത്തെ ഭയത്തിന്റെയും സംശയത്തിന്റേയും കഥകള്‍ ബോധപൂര്‍വ്വവും അല്ലാതേയും പഠിപ്പിക്കുകയും അതിലൂടെ അഴിമതി നടത്തുന്നതിനുള്ള വലിയ സാധ്യതകള്‍ തയ്യാറാക്കി എടുക്കുകയും ചെയ്യുന്നു .കേരളത്തില്‍ ഉണ്ടെന്നു പറയപ്പെടുന്ന മാവോയിസ്റ്റുകള്‍ പറയുന്നത് പോലെ സായുധവിപ്ലവത്തിനുള്ള സാദ്ധ്യതയൊന്നും ഇന്നിവിടെ ഇല്ല. ഇത്തരം വമ്പു പറച്ചിലുകള്‍ ഭരണകൂടത്തിന് കൂടുതല്‍ പണം പിടുങ്ങാനും സമൂഹത്തിന്റെ സംശയ - ഭയ നിലപാടുകളെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനുമേ സഹായിക്കുകയുള്ളൂ . ഒരു തരത്തില്‍ പറഞ്ഞാന്‍ സ്റ്റേറ്റിനും അതിന്റെ തലതിരിഞ്ഞ പോളിസികള്‍ക്കും എതിരാണെന്ന് പറയുന്നവര്‍ പ്രത്യക്ഷത്തില്‍തന്നെ സ്റ്റേറ്റിനെ സഹായിക്കുകയാണ് എന്നു സാരം .

Tuesday, September 30, 2014

ചില ഋഗ്വേദ 'മദ്യ ' ചിന്തകള്‍


ബാറിനു മുന്‍പില്‍ 'സമരം സമരം, സര്‍വ്വ്വത്ര സമരം' നടത്തിയ സന്ഘികളെ നിങ്ങള്‍ ഋഗ്വേദം വായിക്കൂ... ഹിന്ദുവിന് ഉണരാന്‍ ഉള്ള വേദ സംഹിതകളില്‍ ആദ്യത്തേത് വായിക്കൂ . ഋഗ്വേദത്തില്‍ അദ്ധ്യായം 1, അനുവാകം 1, സൂക്തം '2 ' (" ഋഷി മധുച്ഛന്ദ ദേവത വായു, ഇന്ദ്ര വായു,മിത്ര വരുണന്‍ ,ചന്ദസ് ഗായത്രീ " ) നു കീഴില്‍ വരുന്ന ഒന്‍പതു ശ്ലോകങ്ങള്‍ വായിക്കൂ ഏറ്റവും ലളിതമായി ശ്ലോകങ്ങളെ സംഗ്രഹിച്ചു പറഞ്ഞാല്‍

''അന്നത്തെ ദൈവങ്ങളായ ഇന്ദ്രനോടും , വരുണനോടും ,വായുവിനോടുമെല്ലാം വന്നു രണ്ടെണ്ണം വിട്ടേച്ചു പോകൂ ഞങ്ങടെ കാര്യം നടത്തി തരൂ ''

എന്നു അര്‍ത്ഥമാക്കുന്ന ശ്ലോകങ്ങള്‍ ആണ് അവ . ' ഋക്ക് ' കളുടെ പ്രീതിക്കായി മദ്യം നല്‍കുവാന്‍ തയ്യാറാകുന്നതാണ് സന്ദര്‍ഭം . ആര്‍ഷ ഫാരതസംസ്കാരത്തിലെ ആദ്യ വേദമാണ് ഋഗ്വേദം, ഋഗ്വേദത്തെ മറന്നു കൊണ്ട് നിങ്ങള്‍ മദ്യത്തിന് എതിരെ സമരം ചെയ്‌താല്‍ ദൈവ കോപം ഉണ്ടാകുകയും ദൈവങ്ങളെ പ്രീതിപ്പെടുത്താനായി 'ബാറില്‍ യാഗം' നടത്തുന്ന പ്രിയ ഹിന്ദു ഭക്തര്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കാതെ പോകുകയും ചെയ്യും. നിങ്ങള്‍ ആര്‍ഷ ഫാരത സംസ്കാരത്തിന് നേരെ ആണ് സമരം ചെയ്യുന്നത് എന്നു മറന്നു പോകരുത് . ഋഗ്വേദത്തിലെ സൂക്തങ്ങള്‍ നീണാള്‍ വാഴട്ടെ . ദൈവങ്ങള്‍ ഭൂമിയിലെ മനുഷ്യരില്‍ നിന്നു ഓസിക്ക്‌ മദ്യം അടിച്ചു പിമ്പിരി ആകട്ടെ .മനുഷ്യരുടെ എല്ലാ വിഷമങ്ങളും' ദൈവങ്ങളാലും മദ്യങ്ങളാലും' പരിഹരിക്കപ്പെടട്ടെ !!!

Friday, June 20, 2014

മരം ഒരു .............. !!!


തൃശ്ശൂരില്‍ വ്യാപകമായി മരം മുറിക്കാനുള്ള പദ്ധതികള്‍ നഗരസഭയും , പൊതു മരാമത്ത് വകുപ്പും ,സോ ഷ്യല്‍ ഫോറസ്ട്രിയും കൂടി 'വീണ്ടും ' തുടരാന്‍ പോകുന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ തൃശ്ശൂർ പുഴക്കൽ ലുലു കണ്‍ വൻഷണൽ സെന്റെറിനു മുൻപിൽ സംഭവിച്ചത്.ഒന്നര വര്‍ഷം മുമ്പ് തൃശ്ശൂർ രാമനിലയത്തിന്‍റെ പരിസരത്ത് തണല്‍ വിരിച്ച് നിന്നിരുന്ന ' പാലയും , ഉങ്ങും ' അടക്കമുള്ള മരങ്ങൾ നഗരവികസനത്തിന്റെ പേര് പറഞ്ഞു വെട്ടിമാറ്റുകയും തൃശ്ശൂരിലെ ജനങ്ങള്‍ ഇടപെട്ട് 'അനധികൃതമായി നടന്ന മരം മുറി ' തടയുകയും ചെയ്തിരുന്നു . ശേഷം 'തൃശ്ശൂര്‍ പ്രകൃതി സംരക്ഷണ സമിതി 'എന്ന കൂട്ടായ്മയ്ക്ക് രൂപം നല്കുകയും സമിതി നടത്തിയ അന്വേഷണത്തില്‍, വേണ്ടത്ര രേഖകള്‍ ഇല്ലാതെ, നിയമത്തെ നോക്കുകുത്തിയാക്കിയാണ് മരം മുറി നടന്നതെന്നും തെളിഞ്ഞു. മരം മുറിക്കുന്നതിന് അനുമതി കൊടുക്കേണ്ട 'ട്രീ കമ്മിറ്റിയില്‍ ' ഉള്ളവരെ അറിയിക്കാതെയും രേഖകളിൽ കൃത്രിമത്വം നടത്തിയും മറ്റുമാണ് അന്നത്തെ മരം മുറി നടന്നത്. 'ഒരു മരം മുറിക്കുമ്പോള്‍ പത്തുമരം നടണം' എന്ന് മരം മുറിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിൽ നിന്നും നല്കുന്ന സമ്മതപത്രത്തില്‍ പറയുന്നുണ്ട് , എന്നിരിക്കിലും ഇതേവരെ മുറിച്ചുമാറ്റപ്പെട്ട മരങ്ങള്‍ക്ക് പകരംഎവിടെയാണ് ഇവര്‍ മരങ്ങള്‍ 'നട്ടതും , വളര്‍ത്തിയതും' എന്ന് അന്വേഷിക്കപ്പെടേണ്ടിയിരിക്കുന്നു.

കഴിഞ്ഞ മരം മുറിയുടെ ഭാഗമായി നിലവില്‍ ഉണ്ടായിരുന്ന ട്രീ കമ്മിറ്റിയിലെ അംഗങ്ങളെ അറിയിക്കാത്തതിനെ തുടര്‍ന്നും , മറ്റു പല ആരോപണങ്ങള്‍ക്ക് വിധേയരായത് കൊണ്ടും പല അംഗങ്ങളും ട്രീ കമ്മിറ്റിയില്‍ നിന്നു രാജി വച്ചിരുന്നു. അത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ നിലവില്‍ ഇല്ലാത്തതും നിയമ സാധുത ഇല്ലാത്തതുമായ ട്രീ കമ്മിറ്റിയുടെ അനുമതിയില്‍ തന്നെയാണ് പുഴക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍ററിന് മുന്നിലുള്ള മരങ്ങള്‍ മുറിച്ചിരിക്കുന്നത് . നഗരസഭയുടെ ചെയര്‍മാന്‍ അധ്യക്ഷനും സ്ഥലം കൌണ്‍സിലര്‍ അംഗവും ആയതാണ് 'ട്രീ കമ്മിറ്റി ' . പരിസ്ഥിതിപ്രവര്‍ത്തകര്‍ ,ഗവണ്‍മെന്‍റിതര സംഘടനകള്‍ എന്നിവയും ഇതില്‍ അംഗങ്ങളാണ് എന്നിരിക്കെ നഗരസഭ അറിയാതെ ഈ അനധികൃത മരം മുറി നടക്കാന്‍ ഒരു സാധ്യതയും ഇല്ല എന്നത് പകൽ പോലെ വ്യക്തമാണ് . പുഴക്കല്‍ അയ്യന്തോള്‍ റോഡില്‍ നില്‍ക്കുന്ന മാവുകളെ ' ഇല്ലാത്ത;കടചീയലിന്റെയും , വാഹന അപകടങ്ങളുടേയും പേര് പറഞ്ഞു വെട്ടിമുറിക്കാന്‍ തീരുമാനിക്കുന്നത് ആരുടെ പോക്കറ്റ് വീര്‍പ്പിക്കാന്‍ വേണ്ടിയാണെന്ന് അന്വേഷിക്കപ്പെടേണ്ടതുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ഇടത്തു മരം മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ തൃശ്ശൂരിലെ മനുഷ്യാവകാശ - പരിസ്ഥിതി പ്രവര്‍ത്തകര്‍ അതിനെ എതിര്‍ത്തു രംഗത്ത് വന്നിരുന്നു ശേഷം അന്നത്തെ കളക്ടര്‍ ഈ വിഷയത്തില്‍ ഇടപെടുകയും മരങ്ങളെ നിലനിര്‍ത്തി റോഡിന്‍റെ പടിഞാറ് ഭാഗത്ത് നിന്നും സ്ഥലം എടുത്ത് റോഡ്‌ വികസനം സാദ്ധ്യ മാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇന്ന് റോഡിന്‍റെ പടിഞ്ഞാറു വശം ' ലുലു കണ്‍വെന്‍ഷന്‍ സെന്‍റര്‍ ' അടക്കമുള്ള ഭീമന്‍മാരുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടു തന്നെയാകാം പടിഞ്ഞാറു ഭാഗത്ത് നിന്നും സ്ഥലമെടുപ്പ് നടത്താന്‍ നഗരസഭയും പൊതുമരാമത്ത് വകുപ്പും ഭയക്കുന്നതും തണൽ മരങ്ങള്‍ക്ക് മുകളില്‍ കോടാലി വീഴുന്നതും.

തൃശ്ശൂരില്‍ അവശേഷിക്കുന്ന തണലുകള്‍ ആണ് ഈ മരങ്ങള്‍. 'മനുഷ്യര്‍ക്ക് വേണ്ടാത്ത വികസനത്തിന്‍റെ പേരില്‍' ചിലര്‍ക്ക് അഴിമതി നടത്താനും ,കീശ വീര്‍പ്പിക്കാനും വേണ്ടി നടത്തുന്ന ഇത്തരം അനീതികളെ ചെറുത്ത് തോല്‍പ്പികുക തന്നെ വേണം. വരും തലമുറകള്‍ക്ക് തണലേകിയും ശുദ്ധവായു നല്‍കിയും അവ ഇവിടെ നിലനില്‍ക്കട്ടെ! ഇനി വരുന്നൊരു തലമുറക്കും ഇവിടെ ജീവിതം സാദ്ധ്യമാകുന്നതിനു വേണ്ടി ചേര്‍ന്ന് നില്‍ക്കാം ഒരുമിച്ച് പാടാം

" ആമാഴുവാങ്ങണമവരെയു മൊരുമിച്ചറബിക്കടലിൽ താഴ്ത്തേണം "

ചിത്രത്തിന് കടപ്പാട് : തൃശ്ശൂര്‍ പ്രകൃതി സംരക്ഷണ സമിതി