Wednesday, October 1, 2014

ഭരണകൂടം | മാവോയിസം



സ്വയം രൂപപ്പെടുന്നതിനേക്കാള്‍ തീവ്രവാദികളും മാവോയിസ്റ്റുകളുമെല്ലാം സ്റ്റേറ്റ് രൂപപ്പെടുത്തി എടുക്കുന്ന ചില ബിംബങ്ങളാണ് . ഓരോരുത്തരെയും സംശയത്തോടെ നോക്കാന്‍ പഠിപ്പിക്കുന്നത്‌ ഭരണകൂടം തന്നെ ആണ് . ഈ സംശയത്തിന്റെ വ്യാപനത്തിലൂടെ ഗുണഭോക്താക്കളാകുന്നതും സ്റ്റേറ്റ് തന്നെ ഇല്ലാത്ത പുലിയെ പിടിക്കാന്‍ കാട്ടില്‍ കെണിവെച്ചിരിക്കുകയും , കെണികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുകയും ഇതിലൂടെ അഴിമതിക്കുള്ള വലിയൊരു സാദ്ധ്യത തുറന്നു കിട്ടുകയും ചെയ്യുന്നു .സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെ നിലവിലുള്ള പൊളിറ്റിക്കല്‍ ഗിമിക്കുകള്‍ക്ക് അപ്പുറത്ത് വിഷയങ്ങളെ പഠിക്കുകയും ഇടപെടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുതു തലമുറയെ 'ചില ലേബലുകള്‍ ' നിര്‍ബ്ബന്ധപൂര്‍വ്വം അണിയിക്കാന്‍ സ്റ്റേറ്റ് അതിന്റെ ഉപകരണമായ പോലീസിനെ ഉപയോഗിച്ച് ശ്രമിക്കുന്നതും, ജനാധിപത്യപരമായ എല്ലാ ചെറുത്തു നില്‍പ്പുകള്‍ക്കും മാവോയിസത്തിന്റേയും തീവ്രവാദത്തിന്റെയും ഉടുപ്പുകള്‍ അണിയിച്ചുനല്‍കുന്നതും അത് കൊണ്ടാണ് . സമൂഹത്തെ ഭയത്തിന്റെയും സംശയത്തിന്റേയും കഥകള്‍ ബോധപൂര്‍വ്വവും അല്ലാതേയും പഠിപ്പിക്കുകയും അതിലൂടെ അഴിമതി നടത്തുന്നതിനുള്ള വലിയ സാധ്യതകള്‍ തയ്യാറാക്കി എടുക്കുകയും ചെയ്യുന്നു .കേരളത്തില്‍ ഉണ്ടെന്നു പറയപ്പെടുന്ന മാവോയിസ്റ്റുകള്‍ പറയുന്നത് പോലെ സായുധവിപ്ലവത്തിനുള്ള സാദ്ധ്യതയൊന്നും ഇന്നിവിടെ ഇല്ല. ഇത്തരം വമ്പു പറച്ചിലുകള്‍ ഭരണകൂടത്തിന് കൂടുതല്‍ പണം പിടുങ്ങാനും സമൂഹത്തിന്റെ സംശയ - ഭയ നിലപാടുകളെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനുമേ സഹായിക്കുകയുള്ളൂ . ഒരു തരത്തില്‍ പറഞ്ഞാന്‍ സ്റ്റേറ്റിനും അതിന്റെ തലതിരിഞ്ഞ പോളിസികള്‍ക്കും എതിരാണെന്ന് പറയുന്നവര്‍ പ്രത്യക്ഷത്തില്‍തന്നെ സ്റ്റേറ്റിനെ സഹായിക്കുകയാണ് എന്നു സാരം .