Thursday, October 9, 2014

ആതുര കച്ചവടം / ഒരു തുറന്ന കത്ത്രോഗം നിര്‍ണ്ണയിക്കാനുള്ള ശേഷി ഡോക്ടര്‍മാര്‍ക്ക്  കുറഞ്ഞു വരികയും ,മരുന്ന് കമ്പനികള്‍ നല്‍കുന്ന പണം വിഴുങ്ങാന്‍ മാത്രം ഡോക്ടര്‍ ചമഞ്ഞ്  നടക്കുകയും ചെയ്യുന്ന തരത്തിലേക്ക് ആരോഗ്യ രംഗം കൂപ്പു കുത്തിയിരിക്കുന്നു .കഴിഞ്ഞ ആറുമാസം ശ്വാസകോശ സംബന്ധമായ അസുഖത്തിന് എന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പല പല രോഗങ്ങളില്‍ ആണ് എത്തിച്ചേര്‍ന്നത് .അവര്‍ നല്‍കിയ മരുന്നുകള്‍ സമയവും കാലവും തെറ്റാതെ വാങ്ങി വിഴുങ്ങിയിട്ടും 'വരണ്ട കഫം 'ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും  കള്‍ച്ചര്‍ ടെസ്റ്റ്‌ നടത്തിയപ്പോള്‍ കണ്ടെത്തിയ 'ക്ലെബ്സില്ല ബാക്ടീരിയ' മുഖാന്തിരം 'എന്ന് പറയപ്പെട്ട'  ബുദ്ധിമുട്ടുകളും നിലനില്‍ക്കുന്നു (ബാക്ടീരിയയെ പലരും പല രീതിയില്‍ ആണ് അവതരിപ്പിച്ചത്  ).ഞാന്‍ കണ്ടത്തില്‍  കൂടുതല്‍ പേരും സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ആയിരുന്നു  എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ,അവിടെയാണ് അസുഖങ്ങളെ വരിവരിയായി നിര്‍ത്തി  ഓരോരുത്തര്‍ക്കും കണ്ടെത്തേണ്ട ആശ്വാസങ്ങളെ ' ടോക്കന്‍ ' നല്‍കുന്നവര്‍  തൊട്ട് മരുന്ന് ( ആശുപത്രിയില്‍ ലഭ്യമായത് മാത്രം/ അല്ലാത്തത് പുറത്തേക്ക് ) നല്‍കുന്നവര്‍ വരേയുള്ള ഓരോരുത്തരുടെയും 'മുറുമുറുപ്പുകള്‍'  കണ്ടുംകേട്ടും സഹിച്ചും സാധാരണക്കാരില്‍ സധാരണക്കാരായ, തെരെഞ്ഞെടുപ്പുകാലത്ത് മാത്രം ' വില ' വരുന്ന 'ഞാന്‍ എന്ന ജനം ' ആശ്വാസം കണ്ടെത്തുന്നത് . പ്രൈവറ്റ് ആശുപത്രികളെ കുറിച്ച് പറയുന്നില്ല സേവനത്തിന്റെ പേരിനു  താഴെയാണ് നില്‍ക്കുന്നത് എങ്കിലും മുകളില്‍ പറഞ്ഞ കുഴപ്പങ്ങളുടെ കൂത്തരങ്ങാണ് സ്വകാര്യ ആശുപത്രികള്‍ .ഓരോ മനുഷ്യനും അവന്റെ അസുഖത്തെ നിര്‍ണ്ണയിക്കാനും മരുന്ന് കണ്ടെത്തി അസുഖത്തെ ബേധപ്പെടുത്താനും ഉണ്ടായിരുന്ന കഴിവിനെ 'ഡോക്ടര്‍ എന്നു പേരുള്ള മറ്റൊരു മനുഷ്യനും ' അയാളിലൂടെ മരുന്ന് കമ്പനികള്‍ക്കും അടിയറ വെച്ചു .ഇനി അവര്‍ പറയും പുതിയ മരുന്നുകളെ നിങ്ങളില്‍ നിങ്ങള്‍ അറിയാതെ ,നിങ്ങളോട് പറയാതെ പരീക്ഷിക്കും പുതിയ വാക്സിനുകള്‍ വരും സിനിമാ താരങ്ങള്‍ ,സെലിബ്രിറ്റികള്‍ പരസ്യങ്ങളിലൂടെ നിങ്ങളോട് സംസാരിക്കും ''പലതും പരക്കെ അംഗീകരിക്കപ്പെടുന്ന സത്യമാകും ''. ചോദ്യം ചെയ്യുന്നവരെ തീവ്രവാദിയും മാവോയിസ്റ്റും പിന്നെ
 ''ഇതൊക്കെ ഇങ്ങനെയാണ് ,നിനക്കെന്താ ഇതിലൊക്കെ ഇടപെടാന്‍ പ്രാന്താണോ ? 
''സ്വന്തം കാര്യം നോക്കി ജീവിക്കാണ്ട് '' ,
" സ്വന്തം കുടുമ്പം നോക്കാന്‍ കഴിവില്ല പിന്നെയാ നാട് നന്നാക്കുന്നത് ?" 
തുടങ്ങിയ വാദങ്ങള്‍ നിരത്തി ഭരണകൂടവും  സമൂഹവും അവരുടെ പങ്ക് നിര്‍വ്വഹിക്കും .
ഇതെഴുതുമ്പോളും എന്റെ നെഞ്ചില്‍ കഫം വന്നു നിറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് നെഞ്ചു വേദനിക്കുന്നും ഉണ്ട് .ഒടുവിലത്തെ ഡോക്ടറുടെ നിഗമനം 'ആസ്ത്മ' ഉണ്ടെന്നാണ് അതിനു കഴിച്ച മരുന്ന് എന്റെ അവസ്ഥ വഷളാക്കി എന്നല്ലാതെ മറ്റൊരു മാറ്റവും ഉണ്ടാക്കിയിട്ടില്ല . കൃത്യമായ രോഗം നിര്‍ണ്ണയിക്കപ്പെടുന്നത് വരെ കഴിക്കുന്ന മരുന്നുകള്‍ സംഭാവന ചെയ്യുന്ന അസുഖങ്ങള്‍ (മരുന്ന് കുപ്പിയുടെ മുകളില്‍ വെബ്‌ സൈറ്റില്‍ ഒക്കെ പല മരുന്നും ഉണ്ടാക്കിയേക്കാവുന്ന രോഗങ്ങളെ കുറിച്ച് വളരെ ചെറിയ അക്ഷരങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട് ~ ഏത്, മൂച്ചല്‍ ഫണ്ട്സ് ആര്‍ സബ്ജെക്റ്റട് ടൂ മാര്‍ക്കെറ്റ് റിസ്....... ബ്ലാ... ബ്ലാ ) പുതിയ ഒരു മാര്‍ക്കെറ്റ് തുറക്കുന്നു. 
എന്ന് 
വിശ്വസ്ഥതയോടെ 
രോഗനിര്‍ണയത്തിനും മരുന്ന് കണ്ടെത്തുന്നതിനും കഴിവ് നഷ്ട്ടപ്പെട്ട ഡോക്ടറേയും മരുന്ന് കമ്പനികളേയും ആശ്രയിക്കാന്‍ വിധിക്കപ്പെട്ട ഒരു സാധാരണ രോഗി .

ബോധപൂര്‍വ്വമായ മുന്നറിയിപ്പ് : ഞാന്‍ കണ്ട എല്ലാ ഡോക്ടര്‍മാരും കുഴപ്പക്കാരല്ല നന്മയുടെ തുരുത്തുകള്‍ അവിടവിടെ ഉണ്ട് .

No comments: